ലൈംഗിക പരാതി നിഷേധിച്ച് നടൻ സിദ്ദിഖ്. സുപ്രീംകോടതിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുമ്പിൽ ആവർത്തിച്ചാണ് നടൻ സിദ്ദിഖ് മറുപടി പറഞ്ഞത്. ‘നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും, തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയിൽ വെച്ചാണ് കണ്ടത് പീഡനം നടന്നെന്ന് പറയുന്ന മാസ്കോട്ട് ഹോട്ടലിൽ വെച്ച് കണ്ടില്ലെന്നുമാണ് നടന്റെ മൊഴി.
നടിക്കെതിരായ വാട്സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ടെന്നും സിദ്ദിഖ്. ഇന്ന് ഹാജരാക്കാം എന്ന് അറിയിച്ചിരുന്നെങ്കിലും പക്ഷെ ഹാജരാക്കിയില്ല. 12-ാം തീയതി വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും അന്ന് വാട്സ്ആപ്പ് രേഖകൾ ഹാജരാക്കാമെന്നും സിദ്ദിഖ് അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ എസ് പി മെറിൻ ജോസഫ്, ക്രൈം ബ്രാഞ്ച് എസ്പി എസ്.മധുസൂധനൻ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പൂർത്തീകരിച്ചത്. നിലവിൽ രണ്ടാഴ്ചത്തെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇതിനിടെ ചോദ്യം ചെയ്യലിന് സന്നദ്ധത അറിയിച്ചെത്തിയ സിദ്ദിഖിനെ ഒഴിവാക്കിയാൽ നിയമ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്ന ധാരണയിലാണ് വിവരശേഖരണം എന്ന നിലയിൽ ചോദ്യം ചെയ്യൽ നടത്തിയത്. ഈ മാസം 22-നാണ് സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യം പരിഗണിക്കുക. ആ ഘട്ടത്തിൽ തന്നെ പ്രാഥമിക ചോദ്യം ചെയ്യൽ വിവരങ്ങൾ കോടതിയിൽ ഹാജരാക്കി സിദ്ദിഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.