പി വി അൻവറിന്റെ ആരോപണങ്ങൾ എൽഡിഎഫിനെയും പാർട്ടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ പിന്നിൽ എന്തെന്ന് സംശയം ഉണ്ടായിരുന്നു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാവുന്നതിൽ ഏറ്റവും മികച്ച രീതിയിൽ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും അദ്ദേഹം തൃപ്തനല്ല എന്ന് ഇന്നലെ പറഞ്ഞു. അദ്ദേഹം പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്.
മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ പറയാനുദ്ദേശിക്കുന്നതാണ് അദ്ദേഹം പറഞ്ഞത്. അൻവറിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണ്. എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണ സംഘത്തെ ബാധിക്കില്ല. അന്വേഷണം നേരത്തെ തീരുമാനിച്ചത് പോലെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൃത്യമായ അന്വേഷണത്തിൽ മാത്രമേ നടപടി എടുക്കാൻ കഴിയുകയുള്ളു, ഒരു എംഎൽഎ വിളിച്ച് പറഞ്ഞാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് മന്ത്രി ആർ ബിന്ദു. പി വി അൻവർ പാലിക്കേണ്ട മര്യാദകൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു.