ഷിരൂരിൽ തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര-സംസ്ഥാന സേനകളോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരച്ചിലാരംഭിച്ച ആദ്യനാൾ തൊട്ട് അർജുനെ രക്ഷപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നമ്മുടെ നാടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞു. ട്രക്ക് ഉടമയായ മനാഫ് തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃക കൂടിയാണെന്നും കുറുപ്പിൽ പറയുന്നു.
അതേസമയം ഷിരൂരിൽ ഗംഗാവാലിപ്പുഴയിൽ നിന്നും ലഭിച്ച ട്രക്കിലെ മൃതദേഹ ഭാഗങ്ങൾ അർജുൻ്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ ടെസ്റ്റ് ഇന്ന് നടത്തും. മൃതദേഹ ഭാഗങ്ങൾ കാർവാറിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. ഡിഎൻഎ പരിശോധനയ്ക്കു ശേഷം നാളെയോടെ മൃതദേഹം അർജുൻ്റെ കുടുംബാംഗങ്ങൾക്ക് വിട്ടുനൽകും.
ബുധനാഴ്ച ഉച്ചയോടെയാണ് ഗംഗാവാലിപ്പുഴയുടെ അടിത്തട്ടിൽ നിന്നും അർജുൻ്റെ ട്രക്ക് കണ്ടെത്തിയത്. തുടർന്ന് ഡ്രഡ്ജറിലെത്തിയ ദൗത്യസംഘം ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഉയർത്തുകയും ട്രക്ക് തൻ്റേതുതന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ലോറിയ്ക്കുള്ളിലെ തകർന്ന ക്യാബിനുള്ളിൽ നിന്നാണ് പിന്നീട് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഈ ശരീര ഭാഗങ്ങളാണ് ഇന്ന് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതേസമയം, ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും. മണ്ണിടിച്ചിലിൽ കാണാതായ പ്രദേശവാസികളായ രണ്ട് പേരെക്കൂടി കണ്ടെത്താനായാണ് തിരച്ചിൽ വീണ്ടും നടത്തുന്നത്.