ഹജ്ജ് സീസണ്‍ 2025; നാളെ മുതൽ രെജിസ്ട്രേഷൻ ആരംഭിക്കും

Share

ദോഹ: ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് സീസണ്‍ 2025 ന്‍റെ രജിസ്‌ട്രേഷന്‍ 2024 സെപ്റ്റംബര്‍ 22, ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രജിസ്‌ട്രേഷന്‍ 2024 ഒക്ടോബര്‍ 22 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് (hajj.gov.qa) വഴിയാണ് രജിസ്ട്രേഷന്‍ നടത്തുകയെന്ന് ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ഹജ്, ഉംറ വകുപ്പ് ഡയറക്ടര്‍ അലി ബിന്‍ സുല്‍ത്താന്‍ അല്‍ മിസിഫ്രി പറഞ്ഞു. ഹജ്ജ് രജിസ്‌ട്രേഷന്‍ ഘട്ടം പൂര്‍ത്തിയായ ഉടന്‍ ഇലക്ട്രോണിക് നറുക്കെടുപ്പ് ആരംഭിക്കുമെന്നും നവംബര്‍ മാസത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് അനുമതി സന്ദേശങ്ങള്‍ അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉംറ തീർഥാടനം നിര്‍വഹിക്കുന്നവര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തിരക്ക് ഒഴിവാക്കാനും ശാരീരിക അകലം പാലിക്കാനും സൗദി അറേബ്യ അധികൃതര്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിലൂടെ സുരക്ഷിതമായ ഉംറ ഉറപ്പ് വരുത്താനാവുമെന്നും മന്ത്രാലയം എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.