സുരക്ഷ മുൻനിർത്തി ട്രെയിനുകളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലും ട്രാക്കുകൾക്ക് സമീപവും കാമറകൾ സ്ഥാപിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കാനുള്ള ടെൻഡർ മൂന്ന് മാസത്തിനകം നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ട്രെയിൻ അട്ടിമറി ശ്രമം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ട്രാക്കുകൾക്ക് സമീപം ഒന്നിലധികം ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനാണ് തീരുമാനം.
എഞ്ചിൻ്റെ മുന്നിലും പിന്നിലും വശങ്ങളിലും ട്രെയിനുകളുടെ ഗാർഡ് കോച്ചിലും കാമറകൾ സ്ഥാപിക്കും. ഒരു വർഷത്തിനുള്ളിൽ കാമറകൾ പൂർണമായി സ്ഥാപിക്കും. ഏകദേശം 1200 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. എഞ്ചിൻ്റെയും ഗാർഡ് കോച്ചിൻ്റെയും മുൻവശത്തും പിൻഭാഗത്തും വശങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. കാമറകളിൽ നിന്നും ശേഖരിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാനായി കേന്ദ്ര ഡാറ്റാ സെൻ്റർ സ്ഥാപിക്കും. ട്രെയിൻ അട്ടിമറി ശ്രമങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നൽകിയതിനെ തുടർന്നാണ് തീരുമാനം.
അതീവ ഗൗരവകരമായ സാഹചര്യമാണിത്. റെയിൽവേ ട്രാക്കുകളിൽ ജാഗ്രത വർധിപ്പിക്കേണ്ടതുണ്ട്. ഒന്നിലധികം കാമറകൾ സ്ഥാപിക്കുന്നതിനു പുറമേ കാമറകളിൽ നിന്നുള്ള എല്ലാ ദൃശ്യങ്ങളും സൂക്ഷിക്കും. ഇതിനായി റെയിൽവേ സംസ്ഥാന പോലീസ് മേധാവികളുമായി ബന്ധപ്പെടുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ട്രെയിനുകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ ഇൻ്റലിജൻസ് ശൃംഖല ശക്തിപ്പെടുത്തും. പാളം തെറ്റൽ ശ്രമങ്ങൾ തടയുന്നതിന് പൊതുജന അവബോധം വർധിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. എഞ്ചിനുകളുടെ മുൻവശത്തും വശങ്ങളിലും കോച്ചുകളിലും ഗുവാർഡ് റൂമിലുമായി ഒരു ട്രെയിനിൽ എട്ട് കാമറകൾ സ്ഥാപിക്കും. ഈ കാമറകൾ പാളത്തിലും ചുറ്റുപാടും നിരീക്ഷിക്കാൻ സഹായിക്കും. അതേസമയം, ട്രെയിനുകളെ കമ്പാർട്ടുമെൻ്റുകൾക്കുള്ളിൽ കാമറകൾ സ്ഥാപിക്കുമോ എന്ന കാര്യത്തിൽ റെയിൽവേ മന്ത്രി കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല. രാത്രിസമയങ്ങളിലടക്കം സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഉണ്ടാകാറുണ്ട്. മോഷണം തടയുന്നതിനും സഹായമാകും. കാമറകൾ സ്ഥാപിക്കുന്നതുവഴി ഈ ഭീഷണി ഒരു പരിധിവരെയെങ്കിലും കുറയ്ക്കാൻ സഹായിക്കു. പ്രതികളെ തിരിച്ചറിയാനും കഴിയും.