കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. നാട്ടാനകളുടെ പരിതാപകരമായ സ്ഥിതി ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതി ആനകളെ കൊണ്ടു വരുന്നതിന് താൽക്കാലികമായ തടസ്സം വെച്ചത്. തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വോക്കസി’യെന്ന മൃഗസംരക്ഷണ സംഘടനയാണ് ഹർജിയുമായി എത്തിയത്. കഴിഞ്ഞ 6 വർഷത്തിനിടയിൽ പരിചരണമില്ലാതെ 154 നാട്ടാനകൾ ചെരിഞ്ഞിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആറു വർഷത്തിനിടെ 118 കൊമ്പനും 21 പിടിയും ഒരു മോഴയും ഉൾപ്പെടെ 140 നാട്ടാനകലാണ് ചെരിഞ്ഞത്. 2018ൽ മാത്രം 33എണ്ണം. 2022ൽ 12 എണ്ണവും ചരിഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ ചരിഞ്ഞത് ഒൻപതെണ്ണമാണ്. ഇതെല്ലം കണക്കിലെടുത്താണ് നടപടി.
അതേസമയം ആനകളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിക്കുന്നതിന് ചീഫ് വൈല്‍ഡ്‌ലൈഫ് വാർഡന്റെ അനുമതിയാണ് വേണ്ടത്. സർക്കാരിന്റെ ഈ അനുമതി ലഭിച്ച് കേരളത്തിലേക്ക് ആനകളെ കൊണ്ടു വരാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഹർജി പോയത്. സർക്കാരിനും ചീഫ് വൈൽഡ്‌ലൈഫ് വാർഡനും ആനകളുടെ കൈമാറ്റം താൽക്കാലികമായി നിർത്തിവെക്കാൻ കോടതി നിർദ്ദേശം നൽകി. ഹൈക്കോടതിയിൽ ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.