മസ്‌കറ്റ്: വിദേശികളുടെ താമസ വിസയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഭേദഗതികളുമായി ഒമാന്‍. നിയമത്തിലെ ചില വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള 131/2024 നമ്പര്‍ ഉത്തരവ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്‍ഡ് കസ്റ്റംസ് പ്രഖ്യാപിച്ചു. പുതിയ നിയമ ഭേദഗതി പ്രകാരം ടൂറിസ്റ്റ് കപ്പലുകളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും 10 ദിവസത്തേക്ക് കാലാവധിയുള്ള വിസിറ്റ് വിസ അനുവദിക്കും. വിസയ്ക്ക് പ്രത്യേകമായി ഫീസ് നല്‍കേണ്ടതില്ല എന്നതാണ് പ്രധാന സവിശേഷത.
ടൂറിസ്റ്റ് കപ്പലിന്‍റെ ഏജന്‍റിന്‍റെ അഭ്യർഥന പ്രകാരമാണ് ഒമാനിലെ ബന്ധപ്പെട്ട അധകൃതര്‍ വിസ അനുവദിക്കുക. വിനോദസഞ്ചാരത്തിനായി ഒമാന്‍ സുല്‍ത്താനേറ്റ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാര കപ്പലുകളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഈ വിസ ഉപയോഗിക്കാം. പത്ത് ദിവസത്തില്‍ കൂടാത്ത കാലയളവിലേക്ക് രാജ്യത്ത് താമസിക്കാനായിരിക്കും അനുമതിയുണ്ടാവുക. വിസ ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ രാജ്യത്ത് പ്രവേശിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. യാത്രക്കാര്‍ക്കും ടൂറിസ്റ്റ് കപ്പലുകളിലെ ജീവനക്കാര്‍ക്കും ഒരു മാസത്തെ സന്ദര്‍ശന വിസ അനുവദിക്കുന്നതാണ് വിസ നിയമ ഭേദഗതിയിലൂടെയുള്ള മറ്റൊരു പ്രധാന മാറ്റം. ഈ വിസയും ടൂറിസ്റ്റ് ഷിപ്പ് ഏജന്‍റിന്‍റെ അഭ്യർഥന പ്രകാരമാണ് അനുവദിക്കുക. ഈ വിസയും വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ഒമാന്‍ സുല്‍ത്താനേറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. രാജ്യത്ത് ടൂറിസം മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് വരുന്നതിന് കൂടുതല്‍ ലളിതവും സൗകര്യപ്രദവുമായ സംവിധാനങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിസ നിയമത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്. അടുത്ത കാലത്തായി രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍.
ടൂറിസ്റ്റ് കപ്പലുകളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും 10 ദിവസത്തെ വിസിറ്റ് വിസ അനുവദിച്ച് ഒമാൻ
