വ്യവസായ മേഖലയില്‍ കേരളത്തിന് ചരിത്ര നേട്ടം. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. ഈ അഭിമാന നേട്ടം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍ നിന്നും വ്യവസായ മന്ത്രി പി രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി. 9 വിഭാഗങ്ങളില്‍ നിന്നാണ് കേരളത്തിന് ഒന്നാമതാകാന്‍ കഴിഞ്ഞത്. വ്യവസായ സമൂഹം മാറ്റം മനസിലാക്കുന്നുണ്ടെന്നും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
ദില്ലിയില്‍ കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായ മന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിന് പുരസ്‌കാരം സമ്മാനിച്ചത്. ടോപ്പ് അച്ചീവര്‍ സംസ്ഥാനമായും കേരളത്തെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷം വ്യവസായ മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങളും നേട്ടത്തിന് കാരണമെന്നും കൂടുതല്‍ സംരംഭങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.
95 % മാര്‍ക്ക് നേടിയാണ് കേരളം ടോപ്പ് അച്ചീവര്‍ സംസ്ഥാനമെന്ന നേട്ടം കൈവരിച്ചത്. ദേശീയ തലത്തിലെ അംഗീകാരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകരമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനം ചരിത്ര നേട്ടം കൈവരിക്കുമ്പോള്‍ കേരളം വ്യവസായ സൗഹൃദമല്ലെന്ന പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തിനേല്‍ക്കുന്ന തിരിച്ചടി കൂടിയാണത്. അതേസമയം വ്യവസായ ഇടനാഴിക്ക് 2022 ലാണ് ഭൂമി ഏറ്റെടുത്തതെന്നും സംസ്ഥാനത്തിന്റെ 50 % ശതമാനം തുക ചെലവഴിച്ചെന്നും മന്ത്രി അറിയിച്ചു. ഇനി കേന്ദ്രമാണ് പണം അനുവദിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ വ്യവസായ മന്ത്രി കേരളമാണ് വേഗത്തില്‍ ഭൂമി ഏറ്റെടുത്ത സംസ്ഥാനമെന്ന് കൂട്ടിച്ചേര്‍ത്തു.