മക്കയില്‍ ശക്തമായ മഴ തുടര്ന്ന് സാഹചര്യത്തിൽ ഉംറ തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

Share

കെയ്‌റോ: മുസ്ലിംകളുടെ പുണ്യസ്ഥലമായ സൗദി നഗരമായ മക്കയില്‍ ശക്തമായ കാറ്റോടു കൂടിയ കനത്ത മഴയെത്തുടര്‍ന്ന് ഉംറ തീര്‍ഥാടകര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പ്രതികൂല കാലാവസ്ഥയില്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാവരും ജാഗ്രതയും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ ഉംറ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ എത്തുന്ന തീര്‍ഥാടകര്‍ മഴക്കെടുതികളെ കുറിച്ച് ജാഗ്രത പുലര്‍ത്തണം. \
ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, എസ്‌കലേറ്ററുകളും ഇടനാഴികളും ഉപയോഗിക്കുമ്പോള്‍ പ്രത്യേകം സൂക്ഷ്മത പാലിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക തുടങ്ങിയവ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചത്. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ഇടിമിന്നലും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഈ മേഖലയെ ബാധിക്കുന്നതിനാല്‍ ഹൈവേ ഉപയോഗിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ മക്കയിലെ ക്രൈസിസ് മാനേജ്മെന്റ് സെന്റര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മക്ക ഉള്‍പ്പെടെയുള്ള സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്യുന്ന ശക്തമായ മഴയില്‍ പലയിടങ്ങളിലും മിന്നല്‍ പ്രളയത്തിന് കാരണമായിരുന്നു. ഒട്ടേറെ പ്രദേശങ്ങളില്‍ റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനിടയിലാവുകയും നിരവധി വാഹനങ്ങള്‍ ഒലിച്ചുപോവുകയുമുണ്ടായി. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പത്തോളം പേര്‍ മഴക്കെടുതികളില്‍ പെട്ട് മരണപ്പെടുകയും ചെയ്തിരുന്നു.