ഹേമ കമ്മിറ്റി റിപ്പോർട്ട്; ആഭ്യന്തര പരാതിപരിഹാര സമിതികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നടൻ പൃഥ്വിരാജ്

Share

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ൽ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മറുപടി പറഞ്ഞ് പൃഥ്വിരാജ്. അക്രമിക്കപ്പെട്ട നടി അമ്മ സംഘടനയിൽ അംഗമായി എത്തുമോയെന്ന ചോദ്യത്തിനും മറുപടി നൽകി. തന്നെ സംബന്ധിച്ചിടത്തോളം എല്ലാവരെയും ഉൾക്കൊള്ളുന്ന സംഘടനകൾ മാത്രമാണ് സിനിമാ രംഗത്ത് വേണ്ടതെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമാ സെറ്റുകളിൽ എല്ലാവർക്കും ആവശ്യമായ സൗകര്യങ്ങൾ കിട്ടാത്തതിന് കാരണം അത് വ്യവസ്ഥാപിതമായ രീതിയിലല്ല പ്രവർത്തിക്കുന്നത് എന്നതിനാലാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
ആഭ്യന്തര പരാതിപരിഹാര സമിതികൾ എല്ലാ സിനിമാ സെറ്റുകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പ്രത്യേക സംവിധാനത്തിന്റെ ആവശ്യമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്റെ സിനിമാ സെറ്റുകളിൽ ഇന്റേണൽ കമ്മറ്റി ഉണ്ട് എന്ന് പറയുന്നതിലൂടെ തന്റെ ഉത്തരവാദിത്വം തീരുന്നില്ല. എല്ലാ സെറ്റുകളിലും അതുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സിനിമാ കോൺക്ലേവ് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടി പ്രയോജനപ്പെടട്ടെ എന്നാണ് താൻ കരുതുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്നാൽ സാധിക്കുന്ന എല്ലാം താൻ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ – സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം ആവശ്യമാണെന്നാണ് കത്തിൽ പറയുന്നത്. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.