ഒമാനിൽ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ആരംഭിക്കും

Share

മസ്‌ക്കറ്റ്: ഒമാനിലെ ബാങ്കുകളിൽ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ആരംഭിക്കാനുള്ള അവസാന ഘട്ട ഒരുക്കം പൂർത്തിയാകും. കൃത്യമായ ലോഞ്ചിംഗ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറില്‍ സേവനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്കിംഗ് മേഖലയിലുള്ളവര്‍ അറിയിച്ചു. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഈ സേവനം ലഭ്യമാണ്.
രാജ്യത്തെ ഉപഭോക്താക്കളും കാര്‍ഡ് പെയ്‌മെന്റില്‍ നിന്ന് കാര്‍ഡ്‌ലെസ് പെയ്‌മെന്റിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണെന്ന് നിലവിലെ പ്രവണതകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ റീട്ടെയിലറുടെയും ഉപഭോക്താവിന്റെയും അക്കൗണ്ടുകള്‍ ഒരേ ബാങ്കില്‍ ആണെങ്കില്‍ മാത്രമേ നിലവില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയൂ. എന്നാല്‍ ആപ്പിള്‍ പേ വരുന്നതോടെ അക്കൗണ്ട് ഏത് ബാങ്കിലാണെന്നത് അപ്രസക്തമാവും. ഏത് ബാങ്ക് അക്കൗണ്ടുകാര്‍ക്കും ഡിജിറ്റല്‍ പെയ്‌മെന്റ് രീതിയിലേക്ക് മാറുവാനും കഴിയും.
കോണ്‍ടാക്റ്റ്ലെസ്സ് പേയ്മെന്റ് നടത്തുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് ഒരു പേയ്മെന്റ് ടെര്‍മിനലിന് സമീപം പിടിച്ചാല്‍ മതിയാവും. ഫേസ് ഐഡി, ടച്ച് ഐഡി, പാസ് കോഡ്, ഒടിപി തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകള്‍ ആധികാരികമാക്കിയിരിക്കുന്നതിനാല്‍ ആപ്പിള്‍ പേ തികച്ചും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സ്റ്റോറുകള്‍, ടാക്‌സികള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ആപ്പിള്‍ പേ സ്വീകരിക്കുന്നതാണ്.