കുവൈറ്റ് സിറ്റി: സ്വയംതൊഴില്‍, മൈക്രോബിസിനസ്സുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാണിജ്യ സ്റ്റോറുകള്‍ക്ക് ലൈസന്‍സ് നേടുന്നതിനുള്ള ആവശ്യകത ഒഴിവാക്കി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. ലൈസന്‍സ് നേടുന്നതിനായി 175 പ്രവര്‍ത്തനങ്ങളിൽ നിന്നാണ് ഒഴിവാക്കിയത്. ലൈസന്‍സിംഗ് പ്രക്രിയ ലളിതമാക്കിയും ചെറുകിട വ്യവസായങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
മന്ത്രിതല പ്രമേയം 168/2024 പ്രകാരം, ഈ ഒഴിവാക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് വാണിജ്യ സ്റ്റോര്‍ ലൈസന്‍സ് ആവശ്യമില്ല. പകരം അവര്‍ക്ക് ഒരു സ്വയം തൊഴില്‍ ലൈസന്‍സ് ലഭിക്കും. നാല് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും പുതിയ ലൈസെൻസ്. അപേക്ഷകര്‍ക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ സംരംഭത്തില്‍ ഏര്‍പ്പെടാന്‍ കോടതിയില്‍ നിന്ന് അനുമതി ലഭിച്ചവര്‍ക്ക് പ്രായപരിധി ബാധകമായിരിക്കില്ല. യുവസംരംഭകര്‍ക്ക് പരമ്പരാഗത സ്റ്റോര്‍ ലൈസന്‍സിംഗ് ആവശ്യകതകളുടെ ഭാരമില്ലാതെ മൈക്രോബിസിനസ്സുകള്‍ ആരംഭിക്കാന്‍ ഇത് അവസരം നല്‍കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും സംഭാവന നല്‍കുന്ന മൈക്രോബിസിനസിന്റെ ഒരു പുതിയ തരംഗത്തിന് ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.