കുവൈറ്റ് സിറ്റി: കുവൈത്തിന്റെ അതിര്‍ത്തിക്ക് പുറത്തേക്കു പോകുന്ന പ്രവാസികളുടെ മക്കള്‍ക്കും പിതാവിന്റെ അനുമതി വേണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പിതാവിന്റെ രേഖാമൂലമുള്ള അനുമതിയുള്ളവരെ മാത്രമേ രാജ്യത്തിന് പുറത്തേക്കു സഞ്ചരിക്കാന്‍ അനുവദിക്കൂവെന്നും ഇതിനായി ആവശ്യമായ നിയമഭേദഗതി വരുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് പോര്‍ട്സിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗമായിരിക്കും നിയമം നടപ്പിലാക്കുക. പിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന കുട്ടികള്‍ക്കു മാത്രമാണ് പുതിയ നിയമം ബാധകമാവുക. മാതാവാണ് സ്പോണ്‍സറെങ്കില്‍ അനുമതിയുടെ ആവശ്യമില്ല. പാസ്‌പോര്‍ട്ട് വകുപ്പ് പ്രത്യേക പ്രസ്താവന ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഈ പ്രസ്താവന പൂരിപ്പിച്ച് പിതാവിന്റെ ഒപ്പ് വാങ്ങണമെന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്. പിതാവ് ഒപ്പമില്ലാതെ യാത്ര ചെയ്യുന്ന പ്രവാസികളുടെ കുട്ടികള്‍ക്കാവും നിയമം ബാധകമാവുക. സ്വന്തം മാതാവിന്റേയോ ബന്ധുക്കളുടെയോ ഒപ്പം യാത്ര ചെയ്യുന്ന കുട്ടിയായാലും പിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണെങ്കില്‍ അനുമതി പത്രം നിര്‍ബന്ധമാണ്.