ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി നടപ്പാക്കാൻ അബുദാബി സായിദ് വിമാനത്താവളം

Share

അബുദാബി: ലോകത്തിലെ ആദ്യത്തെ ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി നടപ്പിലാക്കുന്ന ആദ്യ എയര്‍പോര്‍ട്ടായി അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം. അബുദാബി എയര്‍പോര്‍ട്ട്‌സും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയും (ഐ സി പി) പരസ്പരം സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ ഐ) അധിഷ്ഠിത ഗതാഗത പരിഹാരങ്ങളില്‍ വൈദഗ്ധ്യമുള്ള കമ്പനിയായ നെക്സ്റ്റ് 50 മായി സഹകരിച്ച് വ്യോമയാന സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
വിമാനത്താവളത്തിലെ എല്ലാ സെക്യൂരിറ്റി, ഓപ്പറേഷന്‍ ടച്ച് പോയിന്‍റുകളിലും ബയോമെട്രിക് ഓതന്‍റിക്കേഷന്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ഇവിടെ യാത്രക്കാരുടെ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാരെ ഓട്ടോമാറ്റിക്കായി ചെക്ക് ഇന്നും ചെക്കൗട്ടും ചെയ്യുന്ന സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഐ സി പിയുടെ നിയന്ത്രണത്തിലുള്ള ഡാറ്റാബേസുകളുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതുപ്രകാരം ഇവിടെ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍റെ ആവശ്യം വരില്ല.സായിദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രാനുഭവം മികച്ചതാക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഐസിപി ജനറല്‍ ഡയറക്ടര്‍ സഈദ് സെയ്ഫ് അല്‍ ഖൈലി പറഞ്ഞു.