കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരം പുറത്ത്. മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചതായാണ് റിപ്പോർട്ട്. മണ്ണിനടിയിൽ എട്ട് മീറ്റർ താഴ്ചയിലാണ് സിഗ്നൽ ലഭിച്ചത്. സിഗ്നൽ കണ്ട ഭാഗത്ത് മണ്ണ് മാറ്റൽ തുടരുകയാണ്.
എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് മണ്ണ് മാറ്റൽ തുടരുന്നതെന്നും ജിതിൻ റിപ്പോർട്ടറിനോട് പറഞ്ഞു. അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയിൽ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്‌നൽ ലഭിച്ചത്.
രണ്ട് റഡാറുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് പരിശോധന. തെരച്ചിൽ നിർണായക സിഗ്‌നൽ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. വിശ്വസനീയമായ സിഗ്‌നലാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റിനകം തന്നെ സ്ഥിരീകരണം ഉണ്ടാകും. സിഗ്‌നൽ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്. ആശങ്കയായി മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്.
അതേസമയം മണ്ണിടിച്ചിലിൽ കാണാതായ അർജുനെ ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നെ കാണാൻ പറ്റുമോ എന്നറിയില്ലെന്നും പിന്നെ ഏത് അവസ്ഥയിലാണ് കിട്ടുക എന്നറിയില്ലെന്നും കുടുംബം. കർണാടകയിലെ അങ്കോലയിൽ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി ഇന്ന് ഏഴാം ദിവസം തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെ കോഴിക്കോട്ടെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുടുംബം. ‘വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെങ്കിൽ കരയിലേത് പോലെ വെള്ളത്തിലും തിരച്ചിൽ നടത്തണം. അർജുനെ കണ്ടെത്താതെ ഷിരൂരിലുള്ള കുടുംബാംഗങ്ങൾ മടങ്ങി വരില്ല. ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ അവനെ കാണാൻ പറ്റുമോ എന്നറിയില്ല, പിന്നെ ഏത് അവസ്ഥയിലാണ് കിട്ടുക എന്നറിയില്ല. ഇന്നലെ നടത്തിയ രക്ഷാ പ്രവർത്തനത്തിലെ വേഗതയിലും വിശ്വാസമില്ല. എന്തുകൊണ്ടാണ് മെല്ലെപ്പോക്ക് എന്നറിയില്ല. ആരെയും കുറ്റപ്പെടുത്താനില്ല. നിങ്ങളുടെ എല്ലാവരുടെയും ഇടപെടൽ കൊണ്ടാണ് സർവ സന്നാഹവും അവിടെ എത്തിയത്. വിശ്വാസമൊക്കെ നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ട്..’ -അർജുന്‍റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.