ലഹരിമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്ഐവി വ്യാപനം; 47 വിദ്യാർത്ഥികൾ മരണപെട്ടു

Share

ത്രിപുരയിലെ വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ എച്ച്ഐവി വ്യാപനം വർധിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് 828 പേരിൽ എച്ച്ഐവി ബാധിച്ചതായും ഇതിനകം 47 വിദ്യാർത്ഥികൾ മരണപ്പെട്ടതുമായ കണക്ക് ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെയ്പ്പിലൂടെയാണ് വൈറസ് വ്യാപനമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.
220 സ്കൂളുകൾ, 24 കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് പുറത്തുപോയവരാണ് രോഗബാധിതരിൽ അധികവും. ദിനം പ്രതി അഞ്ച് മുതൽ ഏഴ് വരെ എച്ച്ഐവി കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നതെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും അധികൃതര് പറയുന്നു. കുട്ടികള്ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തെ പറ്റി വീട്ടുകാർ ബോധവാന്മാരാകണമെന്നും പ്രതിരോധനടപടികൾ സ്വീകരിക്കണമെന്നും അധികൃതർ പറയുന്നു.