ബംഗ്ലാദേശ് പ്രക്ഷോഭം: വിവാദ തൊഴില്‍ സംവരണം റദ്ദാക്കി സുപ്രീം കോടതി

Share

ധാക്ക: ബംഗ്ലാദേശ് യുദ്ധ വീരരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുപ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ വിവാദ നടപടി പിന്‍വലിച്ച് ബംഗ്ലാദേശ് പരമോന്നത കോടതി. ഇതോടെ ദേശവ്യാപകമായി ദിവസങ്ങളായി നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ഭാഗികമായി വിജയിച്ചു. പൊലീസും പ്രക്ഷോഭകരും തമ്മില്‍ നടന്ന അക്രമാസ്‌ക്തമായ ഏറ്റുമുട്ടലില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
വിവിധയിടങ്ങളിൽ പൊലീസും പ്രക്ഷോഭകാരികളും തമ്മിൽ സംഘർഷം കനത്തതോടെയാണ് കോടതി സംവരണം പിൻവലിച്ചത്. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അടിസ്ഥാനത്തിലും ബാക്കിയുള്ള 7 ശതമാനത്തിൽ മറ്റ് സംവരണങ്ങൾക്കൊപ്പം മാത്രമേ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്കുള്ള സംവരണവും ഉണ്ടാകൂ. സർക്കാർ ജോലികളിൽ 30 ശതമാനവും സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്കായി സംവരണം ചെയ്തു കൊണ്ടുള്ള നിയമത്തിനെതിരേ വിദ്യാർഥികൾ നടത്തിയ പ്രതിഷേധമാണ് നൂറു കണക്കിന് പേരുടെ മരണത്തിനിടയാക്കിയ കലാപമായി മാറിയിരിക്കുന്നത്.
മരണസംഖ്യ എത്രയാണെന്ന് ബംഗ്ലാദേശ് സർക്കാർ ഇനിയും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഇതുവരെ കുറഞ്ഞത് 103 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസുകാരടക്കം 133 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. ധാക്കയുടെ ചിലയിടങ്ങളിലും പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. ഇതില്‍ ആരെങ്കിലും മരിച്ചോ എന്ന് വ്യക്തമല്ല. സുപ്രീം കോടതി വിധി വരും മുമ്പ് സൈന്യം സ്ഥലത്ത് കര്‍ശന നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതേസമയം ഇന്നും നാളെയും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.