പത്തനംതിട്ട: എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. വനിതാ എസ്ഐക്കാണ് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം ലഭിച്ചത്. കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമമായ ബിഎൻഎസിലെ (ഭാരതീയ ന്യായ് സംഹിത) ഒരു സെക്ഷനെ കുറിച്ചാണ് ചോദ്യം. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നൽകിയില്ല. പിന്നാലെയാണ് ഇമ്പോസിഷൻ മെയിൽ ചെയ്യാൻ എസ്പി വി അജിത് ആവശ്യപ്പെട്ടത്. എസ്ഐ ജില്ലാ പൊലീസ് മേധാവിയ്ക്ക് ഇമ്പോസിഷൻ എഴുതി അയച്ചു.
വിഷയം സംബന്ധിച്ച് എസ്.പിയോട് പ്രതികരണം ആരാഞ്ഞപ്പോള്‍, പോലീസ് വകുപ്പില്‍ ഇതൊരു പുതിയ കാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംഭവം മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിലേക്ക് വരുന്നത് പക്ഷേ ആദ്യമായിട്ടായിരിക്കുമെന്നും അതിനാലാണ് ഇതില്‍ കൗതുകം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥ എന്ന നിലയില്‍ കൃത്യമായ ബോധ്യം ഉണ്ടാകണമെന്ന നല്ല ഉദ്ദേശത്തോടെ, രണ്ടുതവണ വിശദാശങ്ങള്‍ വെള്ളക്കടലാസില്‍ എഴുതി തനിക്ക് മെയില്‍ ചെയ്യണമെന്നാണ് നിർദേശം നല്‍കിയതെന്നും അവർ അത് പാലിച്ചുവെന്നും എസ്.പി. പറഞ്ഞു. വലിയ വാർത്തയാക്കേണ്ട സംഭവമല്ല ഇതെന്നും തന്റെ സർവീസ് കാലയളവില്‍, ഒരേ വിഷയത്തില്‍ നൂറുതവണ വരെ ഇമ്ബോസിഷൻ എഴുതിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.