ദുബായ്: പാര്‍ട്ട് ടൈം ജോലിയുടെ പേരിൽ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങൾ. ‘നിങ്ങള്‍ക്ക് ഒരു പാര്‍ട്ട് ടൈം ജോലിയില്‍ താല്‍പ്പര്യമുണ്ടോ? ഈ ജോലി വളരെ ലളിതമാണ്. നിങ്ങള്‍ ഗൂഗിള്‍ മാപ്‌സില്‍ പ്രവേശിച്ച് ചില റെസ്റ്റോറന്റുകള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കണം. ഒരു ടാസ്‌ക്കിന് ഞങ്ങള്‍ 10 ദിര്‍ഹം-400 ദിര്‍ഹം പ്രതിഫലമായി നല്‍കും. ഇതിലൂടെ, നിങ്ങള്‍ക്ക് പ്രതിദിനം 2,000 ദിര്‍ഹം വരെ സമ്പാദിക്കാം.’ എന്ന രീതിയിൽ വാട്ട്‌സ്ആപ്പ് വഴിയും എസ്എംഎസ് വഴിയുമാണ് ഇത്തരത്തിലുള്ള സന്ദേശം പ്രചരിക്കുന്നത്. ഇങ്ങനെയുള്ള സന്ദേശം ലഭിക്കുകയാണെങ്കിൽ പ്രതികരണം നൽകരുതെന്ന മുന്നറിയിപ്പാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.
ഇത്തരം സന്ദേശം ആഗോളതലത്തില്‍ നടക്കുന്ന വന്‍ തട്ടിപ്പിലേക്കുള്ള ഒരു ചൂണ്ടയാണ്. ചെറിയ ഓണ്‍ലൈന്‍ ടാസ്‌കുകള്‍ പൂര്‍ത്തീകരിക്കുന്നതു വഴി മോശമല്ലാത്ത കമ്മീഷനുകള്‍ ലഭിക്കുമെന്നതാണ് സന്ദേശം. ലളിതമായ ഡിജിറ്റല്‍ ടാസ്‌ക്കുകളുടെ ആദ്യ സെറ്റ് പൂര്‍ത്തിയാക്കിയാൽ മുന്‍കൂറായി പണമോ മറ്റോ നല്‍കാതെ തന്നെ ഒരു ക്രിപ്റ്റോ വാലറ്റ് വഴി 175 ദിര്‍ഹം ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുമെന്നും കൂടുതൽ ചെയ്താൽ 300 ദിര്‍ഹം മുതല്‍ 749 ദിര്‍ഹം വരെ നൽകുമെന്ന സന്ദേശവും ലഭിച്ചു. എന്നാൽ കെണിയിലേയ്ക്ക് ഉള്ള സന്ദേശമായിരുന്നു അത്. ഇത്തരം സന്ദേശത്തിൽ വീഴരുതെന്നും അകപ്പെട്ടാൽ ജീവിത സമ്പാദ്യം മുഴുവന്‍ ഈ ഓണ്‍ലൈന്‍ തട്ടിപ്പുമാഫിയയുടെ കൈയിലെത്തുമെന്ന മുന്നറിയിപ്പാണ് യുഎഇ പോലീസ് നൽകിയിരിക്കുന്നത്.