റിയാദിലെ ഒരു റസ്‌റ്റാറൻറില്‍ വിഷബാധയുണ്ടായ സംഭവത്തില്‍ പ്രതികൾ രക്ഷപെടില്ലെന്ന് അധികൃതർ

Share

റിയാദ്: അടുത്തിടെ റിയാദിലെ ഒരു റസ്‌റ്റാറൻറില്‍ വിഷബാധയുണ്ടായ സംഭവത്തില്‍ ഉത്തരവാദികളായവർക്ക് രക്ഷപ്പെടാനാകില്ലെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വ്യക്തമാക്കി. സുരക്ഷയിലോ പൊതുജനാരോഗ്യത്തിലോ ഒരു അലംഭാവവും അനുവദിക്കില്ല. വിഷബാധയുടെ കാരണങ്ങള്‍ പുറത്തുവരാതിരിക്കാനും അന്വേഷണ നടപടികളെ വഴിതെറ്റിക്കാനും ശ്രമിച്ചവരും രക്ഷപ്പെടില്ല. അന്വേഷണ കമീഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ മറക്കാനോ നശിപ്പിക്കാനോ ഉള്ള ശ്രമങ്ങള്‍ നടന്നതായി തെളിഞ്ഞിട്ടുണ്ട്. ചില നിരീക്ഷകരുടെയും ഭക്ഷ്യസ്ഥാപനങ്ങളിലെ ഇൻസ്പെക്ടർമാരുടെയും ഭാഗത്തുനിന്ന് ഒത്തുകളി ഉണ്ടാകാം. പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ശ്രദ്ധിക്കാതെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കാണവർ ശ്രമിക്കുന്നതെന്നും അതോറിറ്റി കുറ്റപ്പെടുത്തി. റസ്‌റ്റാറൻറില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവം സല്‍മാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാനും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർ അവരുടെ സ്ഥാനവും പദവിയുമൊന്നും പരിഗണിക്കപ്പെടാതെ വിചാരണ ചെയ്യപ്പെടും. വിഷബാധക്ക് കാരണമായ അല്ലെങ്കില്‍ അതിനെ തുടർന്നുണ്ടായ സംഭവത്തില്‍ പ്രതികരിക്കുന്നതില്‍ കാലതാമസം വരുത്തുന്ന വിധത്തില്‍ ഉത്തരവാദിത്തം നിർവഹിക്കുന്നതില്‍ പരാജയപ്പെടുകയോ കാലതാമസം വരുത്തുകയോ ചെയ്തവർക്കെതിരെയും നടപടിയുണ്ടാകണമെന്നും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനും നടപ്പാക്കുന്നതിന്റെ തുടർനടപടികള്‍ക്കുമായി ഉന്നതസമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു.