ന്യൂഡൽഹി: ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ആശുപത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായെന്നാണ് ദില്ലി പോലീസിന്റെ കണ്ടെത്തൽ. തീപിടിത്തമുണ്ടായ ആശുപത്രിയില്‍ നിരവധി നിയമലംഘനങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹോസ്പിറ്റലിന് നൽകിയ ലൈസൻസ് മാർച്ച് 31 ന് അവസാനിച്ചിരുന്നു.
രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചത്. 5 കിടക്കകൾക്ക് മാത്രം ലൈസൻസ് ഉള്ള ആശുപത്രിയിൽ അപകട സമയത്ത് 12 നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത്. നവജാത ശിശുക്കളെ ചികിത്സിക്കുവാൻ യോഗ്യതയുള്ള ഡോക്ടർമാർ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ഇതിനുപുറമേ ആശുപത്രിയിൽ അഗ്നിശമന ഉപകരണങ്ങളോ, എമർജൻസി എക്സിറ്റോ ഇല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അപകടത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി മജിസ്ടീടീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.