പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ ദുരിതമനുഭവിക്കുന്നത് താറാവ് കർഷകർ

Share

പത്തനംതിട്ട: പത്തനംതിട്ടയിലെ നിരണം ഗ്രാമപ്പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി നിരണം ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാർഡിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളിൽ കൊന്നടുക്കുമെന്നാണ് തീരുമാനം. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് രോഗ പ്രതിരോധ നടപടികൾ നടത്തുന്നത്.
താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നിവരുടെ ഏഴായിരത്തോളം താറാവുകളെയാണ് രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ആദ്യദിവസം കൊന്നൊടുക്കുന്നത്. ഇവരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളെ വിഷം നൽകി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെ രോഗം പ്രതിരോധ നടപടിയുടെ ഭാഗമായി നാളെ കൊന്നൊടുക്കും. പക്ഷികളെ കൊന്നൊടുക്കുന്നതോടെ ദുരിതമനുഭവിക്കുന്നത് താറാവ് കർഷകരാണ്. അതേസമയം, കൊന്നൊടുക്കുന്ന വളർത്തു മൃഗങ്ങളുടെ പ്രായമനുസരിച്ച് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതാണ്. നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് സർക്കാരിന്റെ മുൻപാകെ പരാതി സമർപ്പിക്കാം. നിലവിൽ സര്‍വൈലന്‍സ് സോണുകളിൽ നിന്നും പുറത്തേക്കും താറാവുകളേയും മറ്റ് പക്ഷികളേയും കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതും നിരോധനം ഉണ്ട്.