തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളൊരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ തവണയുണ്ടായ അതേ പകര്‍ച്ചവ്യാധികള്‍ തന്നെയാണ് ഇക്കുറിയും പടരുന്നതെന്നും മന്ത്രി അറിയിച്ചു.
പകര്‍ച്ചപ്പനി, വെസ്റ്റ്-നൈല്‍ പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി പോലുള്ള രോഗങ്ങളെയെല്ലാം ജാഗ്രതയോടെ നേരിടാൻ മുന്നൊരുക്കങ്ങള്‍ വേണമെന്നാണ് മന്ത്രി നിര്‍ദേശിക്കുന്നത്.
ഇതിനിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വെസ്റ്റ് നൈല്‍ ബാധിച്ച് പതിമൂന്നുകാരി മരിച്ച കേസില്‍ പുനെയിലെ വൈറോളജി ലാബില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും 10 വെസ്റ്റ് നൈല്‍ പനി കേസുകള്‍ ഉറപ്പായതാണെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ സംസ്ഥാനത്ത് 12 ഇടങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നിട്ടുണ്ട്. ഇതില്‍ മലപ്പുറത്തും എറണാകുളത്തും സ്ഥിതി നിയന്ത്രണവിധേയമാക്കി. എറണാകുളത്ത് മലിനജലം ഉപയോഗിച്ച ചില ഹോസ്റ്റലുകളിലും മഞ്ഞപ്പിത്ത ബാധയുണ്ടായി, രോഗവ്യാപനം ഉണ്ടായ സ്ഥലങ്ങളില്‍ കുടിവെള്ള സ്രോതസുകളില്‍ സൂപ്പർ ക്ലോറിനേഷൻ നടത്തണമെന്നാണ് നിർദ്ദേശം.