അന്തരീക്ഷ ഗുണനിലവാരം ഉയര്‍ത്താനും ശബ്ദമലിനീകരണം കുറയ്ക്കാനും വിവിധ പദ്ധതികളുമായി അബുദാബി

Share

അബുദാബി: അബുദാബിയിലെ അന്തരീക്ഷ ഗുണനിലവാരം ഉയര്‍ത്താനും ശബ്ദമലിനീകരണം കുറയ്ക്കാനും വിവിധ കര്‍മ പദ്ധതികളുമായി പരിസ്ഥിതി മന്ത്രാലയം. വ്യവസായങ്ങള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതികള്‍. ഇതിന്റെ ഭാഗമായി പാരിസ്ഥിതിക ലൈസന്‍സ് ആവശ്യമുള്ള എല്ലാ ബിസിനസ്സുകളും സ്ഥാപനങ്ങളും വായുമലിനീകരണം കുറച്ച് ശുദ്ധവായു ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ടെന്ന് അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബുദാബി പരിസ്ഥിതി ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് വ്യക്തമാക്കി.
കൂടാതെ നിരവധി പാരിസ്ഥിതിക നിരീക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള പദ്ധതി തയ്യാറാക്കുമെന്ന് ഏജന്‍സി അറിയിച്ചു. ശുദ്ധവായുവില്‍ പ്രകൃതിദത്ത സ്രോതസ്സുകള്‍ ചെലുത്തുന്ന സ്വാധീനം എത്രമാത്രമുണ്ടെന്ന് കണ്ടെത്താന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പഠനങ്ങള്‍ സംഘടിപ്പിക്കും. അതേസമയം വികസന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനള്‍ക്കുമായി പുറത്തുവിടുന്ന കാര്‍ബണിന്റെ അളവ് നിയന്ത്രിക്കാനും പദ്ധതി തയ്യാറാക്കും. അതോടൊപ്പം ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികകളും സ്വീകരിക്കും. ഇതിനായി പ്രാദേശിക അധികാരികളുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും ഏജന്‍സി പറഞ്ഞു.