ദില്ലിക്ക് പിന്നാലെ രാജസ്ഥാൻ; ബോംബ് ഭീഷണയിൽ സന്ദേശം വ്യാപിക്കുന്നു

Share

ന്യൂഡൽഹി: ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകളിലും ബോംബ് ഭീഷണിയുമായി ഇ മെയിൽ സന്ദേശം. ജയ്പൂരിലെ 5 സ്‌കൂളുകള്‍ക്കാണ് ഇ മെയില്‍ വഴി ഭീഷണീ സന്ദേശം എത്തിയത്. തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂളുകളില്‍ നിന്ന് മാറ്റി. ഇന്നലെ ദില്ലിയിലെ ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.
ക‍ഴിഞ്ഞ ദിവസം ദില്ലി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും പത്തോളം ആശുപത്രികളിലുമാണ് ഭീഷണി സന്ദേശമെത്തിയത്. ആശുപത്രികളിലേക്കും വിമാനത്താവളത്തിലും ഇ–മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്താവളത്തിൻറെ പരിസരത്ത് സ്ഫോടക വസ്തു വച്ചുവെന്നായിരുന്നു ഭീഷണി.
തുടര്‍ന്ന് വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിക്കുകയും പൊലീസും ബോംബ് സ്ക്വാഡും വ്യാപക തിരച്ചില്‍ നടത്തിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശമായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ദില്ലിയിലെ ഇരുന്നൂറിലേറെ സ്കൂളുകളില്‍ ഒരേസമയം ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. ഇ മെയിൽ സന്ദേശം എവിടെ നിന്ന് വന്നു എന്ത് ലക്ഷ്യം വെച്ചാണ് ഇത്തരം സന്ദേശം അയക്കുന്നതെന്ന കാര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും.