വിദ്യാർത്ഥിയ്‌ക്കെതിരെ പോലീസിന്റെ ക്രൂരമർദ്ദനം; എസ്‌ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ

Share

ഇടുക്കി: കട്ടപ്പനയില്‍ വിദ്യാർത്ഥിയെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് മർദ്ദിച്ച സംഭവത്തില്‍ എസ്‌ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ. കട്ടപ്പന പ്രിൻസിപ്പല്‍ എസ്.ഐ. ആയിരുന്ന സുനേഖ് ജെയിംസിനും, സി.പി.ഒ. മനു പി. ജോസിനുമെതിരെയാണ് നടപടി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഇരുവരെയും ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റിയിരുന്നു. എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെതാണ് സസ്പെഷൻ നടപടി.
ഏപ്രില്‍ 25നാണ് പൊലീസ് സംഘം വിദ്യാർത്ഥിയായ ആസിഫിനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു മർദ്ദിച്ചത്. ഏപ്രില്‍ 25 ന് ഇരട്ടയാറില്‍ വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സിപിഒ മനു പി ജോസിന് പരുക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പേരും പുളിയൻമല മടുക്കോലിപ്പറമ്ബില്‍ ആസിഫും ചേർന്ന് വാഹനമിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ചുവെന്ന് കാണിച്ച്‌ പോലീസ് മൂവർക്കുമെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയും ചെയ്തു. രണ്ട് ബൈക്കുകളിലാണ് ആസിഫും കൂട്ടുകാരുമെത്തിയത്. ആസിഫ് ഓടിച്ച ബൈക്ക് പൊലീസ് വാഹനത്തെ മറികടന്നു പോയി. പുറകെയെത്തിയ ബൈക്കിലുള്ളയാളെ പിടികൂടാൻ പൊലീസ് ജീപ്പ് കുറുകെ നിർത്തി. ഈ സമയം ബൈക്ക് പൊലീസ് വാഹനത്തിന് സമീപത്തേക്ക് മറിയുകയും ഇറങ്ങിവന്ന മനു റോഡിലേക്ക് വീഴുകയുമായിരുന്നു. ബൈക്കിടിച്ച സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്ന ആസിഫിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാഹനത്തില്‍ വച്ചും സ്റ്റേഷനില്‍ വെച്ചും മർദിച്ചതായും ചൂണ്ടിക്കാട്ടി അമ്മ ഗവർണർക്കും മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നല്‍കിയത്. തുടർന്ന് നടപടി എടുക്കുകയായിരുന്നു.