തിരുവനന്തപുരം: വിജയശതമാനത്തിൽ തിളങ്ങി എസ് എസ് എൽ സി പരീക്ഷാഫലം. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.7 ആയിരുന്നു. വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും മന്ത്രി ശിവൻകുട്ടി അഭിനന്ദിച്ചു. 4,27,105 പേരാണ് പരീക്ഷയെഴുതിയത്. 4,25,563 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണക്കേക്കാൾ 71,831 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,934 പേർക്കാണ് ജില്ലയിൽ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം ആയിരുന്നു.
ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയത്താണ് (99.92 ശതമാനം). കുറവ് തിരുവനന്തപുരത്തും (99.08 ശതമാനം). പാലാ വിദ്യാഭ്യാസ ജില്ലയിൽ 100 ശതമാനം വിജയമാണ്. 892 സർക്കാർ സ്‌കൂളികൾക്ക് 100 ശതമാനം വിജയം നേടി. ലക്ഷദ്വീപിൽ 285 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 277 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. അതായത് 97.19 ശതമാനം.
അടുത്തവർഷം മുതൽ പരീക്ഷാ രീതിയിൽ മാറ്റം വരുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചത്. പരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നും ഓരോ വിഷയത്തിലും ജയിക്കാൻ മിനിമം പന്ത്രണ്ട് മാർക്ക് വേണമെന്ന തീരുമാനമാക്കും.
എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് നാളെ മുതൽ പതിനഞ്ച് വരെ അപേക്ഷിക്കാവുന്നതാണ്. മേയ് 28 മുതൽ ജൂൺ ആറ് വരെയാണ് സേ പരീക്ഷ.
അതേസമയം ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് അറിയുവാനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും പിആർഡി ലൈവ് മൊബൈൽ ആപ്പിലും ലഭ്യമാകും.