റിയാദ്: ഹജ്ജ് തീര്‍ഥാടനത്തിനായി അനുവദിക്കുന്ന വിസ തൊഴിൽ അന്വേഷണത്തിനായി ഉപയോഗിച്ചാൽ കർശന നടപടി എടുക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ക്ക് നൽകുന്ന ഹജ്ജ് തീര്‍ഥാടന വിസ ജിദ്ദ, മദീന, മക്ക എന്നീ നഗരങ്ങളില്‍ മാത്രമേ യാത്രാനുമതി ഉള്ളൂ. ഈ നഗരങ്ങള്‍ക്കു പുറത്തേക്ക് വിസ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഈ യാത്രാ നിയന്ത്രണം ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ബാധകമല്ല. അതിനു പുറമെ, ഹജ്ജ് വിസ ഉപയോഗിച്ച് രാജ്യത്ത് എവിടെയെങ്കിലും താമസത്തിനായി ശ്രമിക്കുന്നതും കുറ്റകരമാണ്. ഇക്കാര്യത്തില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സൗദിയില്‍ നിന്ന് നാടുകടത്തും. മാത്രമല്ല, ഭാവിയില്‍ ഹജ്ജ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് വിസ ഉപയോഗിച്ച് ഉംറ നിര്‍വ്വഹിക്കുന്നതിനോ ശമ്പളമില്ലാത്തതാണെങ്കില്‍ പോലും ഏതെങ്കിലും തരത്തിലുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിനോ അനുവാദമില്ലെന്നും അധികൃതര്‍ അറിയിച്ചു.