കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കി

Share

ദില്ലി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് വിശദീകരണം. മോദിയുടെ ചിത്രത്തിനൊപ്പം ഒന്നിച്ച് ചേര്‍ന്ന് ഇന്ത്യ കൊവിഡ് 19നെ തോല്‍പ്പിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകളും ഉള്‍പ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്. മുമ്പ് യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും മോദിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഈ നീക്കം.
അതേസമയം ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചത്.