തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ അശ്ലീല സൈബര്‍ ആക്രമണം. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചതിനാണ് സൈബര്‍ ആക്രമണം നടക്കുന്നത്. ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത്. കൂടാതെ മേയറും സഹോദരനും നില്‍ക്കുന്ന ചിത്രത്തിന് താഴെയടക്കം ശനിയാഴ്ച മുതല്‍ അശ്ലീല കമ്മന്റുകള്‍ നിറയുകയാണ്. ഇതിനുപുറമെ മേയറുടെ ഔദ്യോഗിക നമ്പറിലേയ്ക്കും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. വലത് കോണ്‍ഗ്രസ് പ്രൈഫലുകളില്‍ നിന്നാണ് സന്ദേശം അയക്കുന്നതെന്ന വിവരമുണ്ട്. കണ്ടാലറയ്ക്കുന്ന വാക്കുകളും ലൈംഗിക അധിക്ഷേപവുമാണ് സന്ദേശങ്ങളില്‍ നിറയുന്നത്.
വാട്‌സ്ആപ്പ് സന്ദേശത്തിന് പുറമെ പൊതുജനങ്ങള്‍ പല ആവശ്യങ്ങള്‍ക്കായി വിളിക്കുന്ന ഔദ്യോഗിക നമ്പറിലേയ്ക്കും ഇത്തരത്തില്‍ വിളികള്‍ വരുന്നുണ്ട്. ശനിയാഴ്ച ഉണ്ടായ സംഭവത്തിനു പിന്നാലെ ചില മാധ്യമങ്ങള്‍ മേയര്‍ക്കെതിരെ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഈ വാര്‍ത്തകള്‍ ചേര്‍ത്തുവെച്ചാണ് മേയര്‍ക്കെതിരെയുള്ള സൈബര്‍ അറ്റാക്ക്. സൈബര്‍ ആക്രമണം അതിരു കടന്നതിനു പിന്നാലെ മേയര്‍ പരാതി നല്‍കി. എന്നാല്‍, മേയര്‍ക്കെതിരെയുണ്ടായിട്ടുള്ള പ്രത്യക്ഷ സൈബര്‍ ആക്രമണത്തില്‍ വാര്‍ത്ത നല്‍കാനോ ചര്‍ച്ച നടത്താനോ ദൃശ്യ -ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.