വിമാനയാത്രയില്‍ കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമായിരിക്കണം; കർശന നിർദ്ദേശവുമായി ഡി.ജി.സി.എ

Share

മുംബൈ: വിമാനയാത്രയില്‍ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ അടുത്തിരുന്ന് യാത്ര ചെയ്യാനാകും വിധം സീറ്റ് ഉറപ്പാക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) നിര്‍ദേശം.
നിലവിൽ വിമാനങ്ങളിലെ സേവനങ്ങളും ഫീസുകളും കമ്പനികള്‍ക്കു സ്വതന്ത്രമായി നിശ്ചയിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് അധികമുള്ള ബാഗേജിനും മുൻഗണനാടിസ്ഥാനത്തിൽ സീറ്റ് ബുക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും മറ്റും പ്രത്യേകം നിരക്കുകൾ ഈടാക്കാൻ കമ്പനികൾക്ക് സാധ്യമായിരുന്നു. എന്നാൽ ഇതുമൂലം പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കളിൽനിന്നകന്ന് ഒറ്റയ്ക്കിരുന്ന് യാത്ര ചെയ്യുന്ന സാഹര്യമാണ് ഉണ്ടാകുന്നത്. ഇത് ആവർത്തിച്ചതോടെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഡി.ജി.സി.എ. വിമാന കമ്പനികൾക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്. ഉത്തരവു പ്രകാരം ഒരേ പി.എൻ.ആർ. നമ്പറിൽ യാത്ര ചെയ്യുന്ന, പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടിയെ, ഒപ്പമുള്ള ഒരു രക്ഷിതാവിന്റെയെങ്കിലും അടുത്തിരിക്കാൻ സൗകര്യം നൽകണം. ഇവരുടെ യാത്രാ വിവരങ്ങൾ സൂക്ഷിക്കാനും ഡി.ജി.സി.എ. നിർദേശിച്ചിട്ടുണ്ട്.