ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ന്‍റെ കലാശക്കൊട്ടില്‍ മൂന്ന് മുന്നണികൾ

Share

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ന്‍റെ കലാശക്കൊട്ടില്‍ ഇന്ന് കേരളം. പരസ്യ പ്രചാരണം അവസാനിക്കുന്നതോടെ മൂന്ന് മുന്നണികളും ആവേശത്തിന്‍റെ കൊടുമുടിയിലെത്തും എന്നുറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശം മുറുകുന്ന അവസാന 48 മണിക്കൂറില്‍ എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ആവശ്യപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്‍റെ സമയപരിധി ഏപ്രില്‍ 24 വൈകിട്ട് ആറിന് അവസാനിക്കും.
അതേസമയം നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കുമെന്നാണ് നിർദ്ദേശം. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്.
ഇലക്ഷനോടനുബന്ധിച്ച് പൊലീസിന്‍റെയും എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികളുടെയും കര്‍ശന പരിശോധ തുടരും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുന്നതുമാണ്.