ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത മേഖലയിലെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം

Share

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രദേശത്തെ താറാവുകൾ കൂട്ടത്തോടെ ചത്തതോടെ സംശയം തോന്നുകയും പിന്നീട് ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരിശോധനയ്ക്കയച്ച മൂന്ന് സാംപിളുകളും പോസിറ്റീവാണ്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗബാധിത മേഖലയിലെ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ കുട്ടനാട്ടിലെ കർഷകരുമായി ബന്ധപ്പെട്ട് താറാവുകളെ നശിപ്പിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.
നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കൂടാതെ ജാഗ്രതാ നിർദേശം നൽകുകയും, ഇറച്ചി വിൽപ്പന തടയുകയും ചെയ്തിട്ടുണ്ട്.
അതേസമയം രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും, അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും, ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കണം എന്ന ആരോഗ്യനിർദേശമുണ്ട്.
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, രക്തം കലര്‍ന്ന കഫം മുതലായവയാണ് പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങൾ. നിലവിൽ കേരളത്തിൽ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗകാരണമാകാം. അതുകൊണ്ട്തന്നെ രോഗപ്പകർച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവർത്തകരേയോ അറിയിക്കുക.