എറണാകുളം: മൂവാറ്റുപുഴയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് കെട്ടിയിട്ടു മര്‍ദിച്ച അരുണാചല്‍ സ്വദേശി മരിച്ചത് ആള്‍ക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ പൊലീസ് 10 പേരെ കസ്റ്റഡിയില്‍ എടുത്തു. അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ നെഞ്ചിലും തലയിലുമുണ്ടായ ക്ഷതത്തെ തുടര്‍ന്ന് മരിച്ചത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നു പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച്ച രാത്രി വാളകം കവലയിലായിരുന്നു സംഭവം നടന്നത്. ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ വീട്ടില്‍ രാത്രി സന്ദര്‍ശനം നടത്തിയതിനാണ് ഒരു സംഘം ഇയാളെ പിടികൂടി കെട്ടിയിട്ടതെന്നാണ് ആരോപണം. പ്രദേശത്തെ ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പു തൂണിലാണ് അശോക് ദാസിനെ നാട്ടുകാര്‍ ചേര്‍ന്നു കെട്ടിയിട്ടു മര്‍ദിച്ചത്. അതേസമയം യുവതിയുടെ വീട്ടില്‍ ബഹളം വച്ച് കയ്യിലും വസ്ത്രത്തിലും രക്തവുമായി എത്തിയ ആളെ സംശയം തോന്നി തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണു സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. പെണ്‍ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു 10 പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ആൾക്കൂട്ട മർദ്ദനത്തിൽ അവശനിലയിലായ അശോക് ദാസിനെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്കു മാറ്റാനുള്ള നീക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു. തലയിലും നെഞ്ചിലുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അശോക് ദാസിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ് അശോക് ദാസിന്റെ ബന്ധുക്കള്‍ മൂവാറ്റുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്.