റാസല്‍ഖൈമ: റാക് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്ത് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും. വിമാനത്താവളം വഴി രണ്ട് യാത്രക്കാർ ലഗേജില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും ജീവനക്കാരും പിടികൂടിയത്. 11 കിലോയോളം വരുന്ന മയക്കുമരുന്ന് ആണ് പ്രഫഷനല്‍ രീതിയിൽ ലഗേജില്‍ ഒളിപ്പിച്ചിരുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റംസ് പരിശോധനകളിലെ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് കുറ്റവാളികളെ കുടുക്കാൻ സഹായിച്ചത്. മയക്കുമരുന്ന് തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി റാക് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ മഹ്റസി പറഞ്ഞു. ലഹരി മാഫിയയില്‍നിന്ന് രാജ്യത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് പരിശോധന ജീവനക്കാര്‍ക്ക് പരിശീലനവും പിന്തുണയും നൂതന സാങ്കേതിക വിഭവങ്ങളും നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഡോ. മുഹമ്മദ് അബ്ദുല്ല പറഞ്ഞു.
റാക് വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
