റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ ഇന്ന് മഴയ്ക് സാധ്യത. അതേസമയം വടക്കന്‍ പ്രദേശങ്ങളില്‍ താരതമ്യേന തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും. രാജ്യത്തിന്റെ മറ്റു വിവിധ പ്രദേശങ്ങളില്‍ മിതമായ താപനില അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള ജിസാന്‍, അസീര്‍ പര്‍വതപ്രദേശങ്ങളില്‍ ഉച്ചതിരിഞ്ഞ് ഇടിമിന്നലുകള്‍ രൂപപ്പെടാനും, ഉച്ചയോടെ മഴമേഘങ്ങള്‍ ശക്തമായി രൂപപ്പെടാനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ ഇന്ന് കൂടി തുടരുമെന്നാണ് സൗദി സിവില്‍ ഡിഫന്‍സ് നേരത്തേ അറിയിച്ചിരുന്നത്. മാര്‍ച്ച് 21 മുതല്‍ 25 വരെ രാജ്യത്ത് പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഒമാനിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഒമാന്റെ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാൻ ആണ് സാധ്യത. തീരപ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയെ ഇത് ബാധിക്കുന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പൊടിക്കാറ്റ് മാത്രമല്ല, ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്.