ദുബായ്: ദുബായ് സർക്കാറിന് ഇനി പുതിയ ലോഗോ. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ലോഗോ പ്രകാശനം ചെയ്‌തു. ഇനി മുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പുതിയ ലോഗോ ആയിരിക്കും വെയ്ക്കുക. അതേസമയം പുതിയ ലോഗോ പ്രാബല്യത്തിൽ വരുത്താനായി എല്ലാവരും സഹായിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ സർക്കാർ ലോഗോയ്ക്ക് ഒപ്പം ഓരോ വകുപ്പിനും നിലവിലുള്ള അവരുടെ ലോഗോ ഉപയോഗിക്കാം. 6 മാസം സമയം ആണ് അധികൃതർ നൽകിയിരിക്കുന്നത്. എല്ലാ വകുപ്പുകളും പുതിയ ലോഗോയിലേക്ക് അതിന്റെ ഉള്ളിൽ മാറണം എന്നാണ് നിർദേശം. കാലം മാറുന്നതിന് അനുസരിച്ചാണ് പുതിയ മാറ്റങ്ങൾ ദുബായ് കൊണ്ടുവരുന്നത്. ഭാവിയിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാൻ ആണ് ദുബായ് ലക്ഷ്യം വെക്കുന്നത്.