തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെ വൈ സി മസ്റ്ററിംഗ് ഇന്ന് മുതല്‍ മൂന്ന് ദിവസം നടക്കുന്നതാണ്. എന്നാൽ സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. തകരാര്‍ പരിഹരിച്ചതിന് ശേഷം മാത്രമേ തുടര്‍ നടപടിയുണ്ടാവുയെന്നും, പ്രശ്‌നപരിഹാരത്തിനായി സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചതിന് ശേഷം മസ്റ്ററിംഗ് നടപടി നടത്തുമെന്നുമാണ് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കിയത്. അതേസമയം റേഷന്‍ വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ.കെ.വൈ.സി. മസ്റ്ററിങ് ഇന്നു മുതല്‍ 17 വരെ രാവിലെ 8 മണി മുതല്‍ ഏഴ് മണി വരെ നടത്തുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചിരുന്നത്. അതിനാൽ തൊഴിലും ക്ലാസ്സുകളുമൊക്കെ നഷ്ടപ്പെടുത്തി രാവിലെ മുതല്‍ വിവിധ ജില്ലകളിലായി അനേകരാണ് മസ്റ്ററിംഗിനായി റേഷന്‍ കടകളില്‍ എത്തിയത്. പ്രശ്‌നം ഉടന്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്.
ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കൂ. അതുകൊണ്ടാണ് റേഷന്‍ വിതണം നിര്‍ത്തി വച്ചുകൊണ്ട് മസ്റ്ററിങ് നടത്തുന്നത്. ഈ തീയതികളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം സൗകര്യം ഒരുക്കും. നിലവിൽ സംസ്ഥാനത്തെ ഏതു റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിങ് നടത്താം. കിടപ്പുരോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരലടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ് വരെ റേഷന്‍ കടകള്‍ക്ക് സമീപമുള്ള അങ്കണ്‍വാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളിലാണ് ക്യാമ്പുകള്‍. സ്ഥലസൗകര്യമുള്ള റേഷന്‍കടകളിലും മസ്റ്ററിംഗ് നടത്തും.