ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് സ്‌ക്രൂ കിട്ടിയതായി പരാതി. ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ഒരു യാത്രക്കാരനാണ് സമൂഹ മാധ്യമത്തില്‍ ഇതിന്റെ ചിത്രസഹിതം ആരോപണം ഉന്നയിച്ച് പോസ്റ്റ് പങ്കുവച്ചത്. ഫെബ്രുവരി ഒന്നിനാണ് സംഭവം നടന്നത്. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍ഡ്വിച്ചിലാണ് ഇരുമ്പ് സ്‌ക്രൂ ഉണ്ടായിരുന്നത്. പാതി കഴിച്ച സാന്‍ഡ്വിച്ചില്‍ സ്‌ക്രൂ ഉള്ളതായി വ്യക്തമാക്കുന്ന ചിത്രമാണ് ഇയാള്‍ റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. എന്നാല്‍, സാന്‍ഡ്വിച്ചില്‍ സ്‌ക്രൂ ഉണ്ടായതിൽ അവരുടെ ഭാഗത്തുനിന്നും എന്ത് തെറ്റാണെന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ ചോദ്യം. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സ്വീകരിച്ചതായി യാത്രക്കാരന്‍ ആരോപിച്ചു.