മനാമ: നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി അറബ് രാജ്യങ്ങള്‍. നിക്ഷേപകർക്കായി അഞ്ച് വര്‍ഷത്തെ വിസയില്‍ എല്ലാ അറബ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ബിസിനസ് വിസ വൈകാതെ നടപ്പാക്കുമെന്ന് അറബ് ചേംബേഴ്സ് യൂണിയന്‍ വ്യക്തമാക്കി. പുതിയ വിസ നടപടി വരുന്നതോടെ വിസ നിയന്ത്രണങ്ങളും, സുരക്ഷാ പരിശോധനകളും ഇല്ലാതെ നിക്ഷേപകര്‍ക്ക് എല്ലാ അറബ് രാജ്യങ്ങളിലേക്കും സഞ്ചരിക്കാന്‍ ഇതിലൂടെ സാധിക്കും. നിക്ഷേപകര്‍ക്ക് സ്വതന്ത്ര സഞ്ചാരവും മൂലധനം മാറ്റുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
അതേസമയം നിക്ഷേപകര്‍ക്ക് വൈറ്റ് ലിസ്റ്റ് വിസ ലഭിക്കുന്നതോടെ മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ പ്രവേശന വിസ, സുരക്ഷാ പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ ഉണ്ടാവില്ല. അറബ് ബിസിനസുകാര്‍ക്ക് അഞ്ചു വര്‍ഷത്തേക്കാണ് ഈ വിസ അനുവദിക്കുന്നത്. ഏകീകൃത വിസയിലൂടെ നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം അറബ് വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് ഒരു ‘വൈറ്റ് ലിസ്റ്റ്’ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശം അറബ് ലീഗ് സെക്രട്ടറി ജനറലിനും അറബ് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനമാണുള്ളതെന്നും യൂണിയന്‍ ഓഫ് അറബ് ചേംബേഴ്സ് സെക്രട്ടറി ജനറല്‍ ഖാലിദ് ഹനഫി അറിയിച്ചു.
കഴിഞ്ഞ സെപ്തംബറില്‍ ബഹ്റൈനില്‍ ചേര്‍ന്ന യൂണിയന്‍ ഓഫ് അറബ് ചേംബേഴ്സ് യോഗത്തില്‍ അറബ് നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നു. ബിസിനസുകാര്‍ക്ക് സ്വതന്ത്ര സഞ്ചാരം, പണം അയക്കുന്നതിനുള്ള സൗകര്യം, മൂലധനം മാറ്റുന്നതിനുള്ള സ്വാതന്ത്ര്യം, കസ്റ്റംസ്, സാസോ പരിശോധനങ്ങളില്ലാതെ പ്രവേശനം എന്നിവ യോഗം മുന്നോട്ടുവെച്ചിരുന്നു. ഇതനുസരിച്ചാണ് നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയത്.