ദുബൈ: ലോകത്തെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസ് ദുബായിൽ സംഘടിപ്പിക്കും. 2024 ഫെബ്രുവരി 28-ന് മത്സരം സംഘടിപ്പിക്കുമെന്നാണ് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചത്. വിമാനങ്ങളുടെ സഹായമില്ലാതെ ജെറ്റ് എൻജിനുകൾ ഉപയോഗിച്ച് വായുവിൽ ഉയർന്ന് പറക്കുന്ന മത്സരാർത്ഥികൾ തമ്മിൽ മത്സരിക്കുന്ന ലോകത്തെ ആദ്യ കായികമത്സരമായിരിക്കും ‘ദുബായ് ജെറ്റ് സ്യൂട്ട് റേസ്’ എന്നാണ് അധികൃതർ വ്യക്തമാക്കിയത്. യുഎഇ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലായിരിക്കും റേസിങ് നടക്കുക.
ജെറ്റ് എൻജിനുകൾ ഘടിപ്പിച്ചിട്ടുളള സ്യൂട്ടുകൾ ധരിച്ച് ആകാശത്ത് പറക്കുന്ന രീതിയിലാണ് ഈ മത്സരം ഒരുക്കുന്നത്. ജെറ്റ് സ്യൂട്ടുകൾ നിർമ്മിക്കുന്ന ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് മത്സരാർത്ഥികൾ ദുബായ് ജെറ്റ് സ്യൂട്ട് റേസിൽ പങ്കെടുക്കും. ലോകത്തുള്ള എല്ലാ കായിക പ്രേമികളും വളരെ ആകാംക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ പറഞ്ഞു. കൂടാതെ ലോകമെമ്പാടും മികച്ച നേട്ടങ്ങൾക്കും പുതുമകൾക്കും വഴി തുറക്കുകയും; പുതുമ, സാഹസികത, അഭിലാഷം എന്നിവ സമന്വയിപ്പിക്കുന്ന നവീന ആശയങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിലെ ദുബായിയുടെ അതുല്യതയും അതിരുകളില്ലാത്ത ഊർജവും ഈ പരിപാടി ഉയർത്തിക്കാട്ടുന്നുവെന്ന് ഷെയ്ഖ് മൻസൂർ പറഞ്ഞു.