തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം പകരാൻ സുപ്രധാന വാർത്ത. ഫുട്ബോൾ ആരവങ്ങൾക്കൊപ്പം പങ്കുചേരാൻ അർജന്റീന സൂപ്പർ താരം ലയണൽ മെസിയും സംഘവും കേരളത്തിലേക്ക് കളിക്കാനെത്തുന്നു. 2025 ഒക്ടോബറിൽ എത്തുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി. അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അറിയിപ്പ്. കേരളത്തില്‍ കളിക്കാനൾ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ നേരത്തേ അറിയിചിരുന്നു. എന്നാൽ സൗഹൃദമത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവ് മൂലം അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിക്കുകയായിരുന്നു. അതേസമയം, ഈ വർഷം ജൂണിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തിൽ മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചതിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.