ദുബൈ: രാജ്യത്ത് കുറഞ്ഞ താപനില അൽഐനിലെ റക്ന പ്രദേശത്ത് രേഖപ്പെടുത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില ഒറ്റസംഖ്യയിലേക്ക് താഴ്ന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. റാസൽഖൈമയിലെ പർവതമേഖലയായ ജബൽജൈസിൽ കഴിഞ്ഞ ദിവസങ്ങളിൽ 7.2ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ജബൽജൈസ് അടക്കം വിവിധ പ്രദേശങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണ് വിലയിരുത്തൽ.
ഈ വർഷത്തെ തണുപ്പുസീസൺ ഡിസംബർ 21മുതൽ ആരംഭിച്ചെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് ശക്തമല്ല എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തണുപ്പ് ശക്തമായതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ക്യാമ്പിങ് നടത്തുന്നവരുടെയും സന്ദർശകരുടെയും എണ്ണം വർധിക്കുകയും, വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് നാലാമത് ശൈത്യകാല കാമ്പയിന് തുടക്കാം കുറിക്കുകയും ചെയ്തു. ‘ലോകത്തെ ഏറ്റവും മികച്ച ശൈത്യകാലം’ എന്ന തലക്കെട്ടിലാണ് കാമ്പയിൻ നടത്തുന്നത്. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും, തണുപ്പുകാലം ആസ്വദിക്കാനായി വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്യുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിലെ തണുപ്പുകാല കാമ്പയിൻ സീസണുകളിൽ സഞ്ചാരികളുടെ എണ്ണം 14 ലക്ഷമായി വർധിച്ചിരുന്നു. ഇനിയും സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.