കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ അന്തരിച്ചു

Share

കുവൈത്ത് സിറ്റി: കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ അന്തരിച്ചു.ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കുവൈത്തിന്റെ പതിനാറാം അമീറായിരുന്നു ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ. 2020 സെപ്റ്റംബറില്‍ ശൈഖ് സബ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബ അന്തരിച്ചതിന് പിന്നാലെയാണ് കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അല്‍-അഹ്‌മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ഷെയ്ഖ് നവാഫ്.
1962 ല്‍ 25-ാം വയസില്‍ ഹവല്ലി ഗവര്‍ണറായാണ് ഷെയ്ഖ് നവാഫ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 16 വര്‍ഷം ഗവര്‍ണ്ണറായി തുടര്‍ന്ന അദ്ദേഹം 1978 മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രിയായും തുടര്‍ന്ന് പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1994 ഒക്ടോബറില്‍ കുവൈത്ത് നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് 2003 വരെ ആ പദവി വഹിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്ന് വര്‍ഷം നിയമിതനായ ശൈഖ് നവാഫ്, 2006 ഫെബ്രുവരിയില്‍ കിരീടാവകാശിയായി ചുമതലയേറ്റു. 2020 ല്‍ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി അദ്ദേഹം മാറി.