കൊച്ചി: ലോകത്തിന്റെ ഏതൊരു കോണില്‍ പോയാലും അവിടെയെല്ലാം ഒരു മലയാളിയുടെ സാന്നിധ്യമുണ്ടാകുമെന്ന് പറയുന്നത് വെറും വാക്കല്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നോര്‍ക്ക തന്നെ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് നോര്‍ക്ക ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ലോകത്തെ 93 ശതമാനം രാജ്യങ്ങളിലും മലയാളി സാന്നിധ്യമുണ്ട്. ലോകത്തിലുള്ള 196-ലധികം രാജ്യങ്ങളില്‍ 182 രാജ്യങ്ങളിലും മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് നോര്‍ക്ക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ യുഎഇ-യിലാണ് ഏറ്റവും കൂടുതല്‍ മലയാളി സമൂഹം ജോലി ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. 2018 മുതല്‍ 2022 വരെ നോര്‍ക്കയില്‍ നടന്ന പ്രവാസി ഐഡി രജിസ്ട്രേഷന്‍ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നോര്‍ക്ക പഠനം നടത്തിയത്. അതേസമയം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്ത അനേകം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്.
തൊഴില്‍ തേടിയുള്ള മലയാളിയുടെ പരക്കം പാച്ചിലാണ് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മലയാളികള്‍ എത്തപ്പെടാന്‍ കാരണം. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പ്രവര്‍ത്തക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. 4 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പ്രവാസി ഐഡി രജിസ്ട്രേഷന്‍ കാര്‍ഡിനൊപ്പമുണ്ടെന്നും ഇത് മലയാളികള്‍ എവിടെയുണ്ടെന്ന് കണ്ടെത്താനും അപകട സാഹചര്യങ്ങളില്‍ അവരുമായി ബന്ധപ്പെടാനും കേരള സര്‍ക്കാരിനെ സഹായിക്കുന്ന കാര്‍ഡാണിത്.
കുടിയേറ്റം മലയാളികളുടെ ശീലമാണെന്നും അതിനാല്‍ 182 രാജ്യങ്ങളില്‍ മാത്രം ഇവര്‍ ഒതുങ്ങി നില്‍ക്കില്ലെന്നും മലയാളിയുടെ രക്തത്തിലുള്ളതാണ് കുടിയേറ്റമെന്നും കേരളത്തിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് മേധാവി എസ്. ഇരുദയ രാജന്‍ പറഞ്ഞു. ഒരു രാജ്യത്ത് സെറ്റിലാകുന്നതിന് മുമ്പ് മുന്നോ നാലോ രാജ്യങ്ങളില്‍ മലയാളികള്‍ കുടിയേറ്റം നടത്തിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണം സമ്പാദിക്കാനാണ് മലയാളികള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നത്. ഒരിക്കല്‍ ഒരു രാജ്യം വിടാന്‍ തീരുമാനിച്ചാല്‍ ആ രാജ്യത്തെക്കാള്‍ പണം സമ്പാദിക്കാന്‍ കഴിയുന്ന ഏത് രാജ്യത്തേക്ക് പോകാനും അവര്‍ തയ്യാറാണെന്നും പഠനത്തില്‍ പറയുന്നു.