കേരളത്തില്‍ മഴ തീവ്രമാകുന്നു; അതീവ ജാഗ്രത നിര്‍ദ്ദേശം

Share

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. കനത്ത മഴയെ തുടർന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും ഉണ്ടായ ഉരുള്‍പൊട്ടലിൽ വന്‍ കൃഷി നാശം സംഭവിച്ചു. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശബരിമല തീര്‍ത്ഥാടത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി.  ഇടുക്കിയില്‍ പലയിടങ്ങളിലും മരങ്ങൾ കടപുഴകി റോഡിലേക്ക് വീണത് ഗതാഗത തടസത്തിന് കാരണമായി. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നും മലയോരമേഖലകളില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മഴ ശക്തമായ ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് താല്‍ക്കാലിക വിലക്കേർപ്പെടുത്തി. തിരുവനന്തപുരത്തെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം  അടച്ചതായി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഇന്നുമുതല്‍ 24 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയും ലഭിച്ചേക്കാമെന്നും ജാഗ്രതാ നിര്‍ദേശമുണ്ട്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തില്‍ വീട്ടിൽ നിന്നും മാറി താമസിക്കണമെന്നും അധികൃതർ അറിയിച്ചു. മാത്രമല്ല മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്ക്കണമെന്നും സര്‍ക്കാര്‍വ്യക്തമാക്കി. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/ വൈദ്യുതി പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. കൂടാതെ വീടിന് സമീപത്തെ മരങ്ങളിലെ  പടര്‍ന്ന് പന്തലിച്ചചില്ലകള്‍ വെട്ടി ഒതുക്കണമെന്നും അപകട സാഹചര്യങ്ങൾ അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.