മാധ്യമ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസ്

Share

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് പതക്രപ്രവര്‍ത്തകര്‍ പ്രതികരണം ആരായുന്ന വേളയില്‍ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ച് സംസാരിച്ച സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയിയിരിക്കുന്നത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും ദുരുദ്ദേശ്യത്തോടൊണ് പെരുമാറിയതെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ തെളിവുകള്‍ സഹിതമുള്ള പരാതി. സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആവശ്യപ്പെടുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പരാതി നടക്കാവ് പൊലീസിന് കൈമാറുകയും ചെയ്തു.

അതേസമയം വിഷയത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞെങ്കിലും അത് മാപ്പ് പറച്ചില്‍ അല്ല സ്വയം ന്യായീകരിക്കലായാണ് തോന്നിയതെന്ന് മാധ്യമപ്രവര്‍ത്തക നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നായിരുന്നു സുരേഷ്‌ഗോപിയുടെ വ്യാഖ്യാനം എന്നാല്‍ അത് തെറ്റാണെന്ന് സുരേഷ് ഗോപി സ്വയം മനസിലാക്കേണ്ടിയുന്നു എന്നാണ് പെണ്‍കുട്ടിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തെറ്റായ സ്പര്‍ശനം ആയിരുന്നു എന്നും അതും കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇത്തരം ഒരു അനുഭവം ഉണ്ടാവകരുതെന്നും മാധ്യമ പ്രവര്‍ത്തക വിശദമാക്കി. താന്‍ ദുരുദ്ദേശ്യത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്‌നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി രംഗത്തുവന്നത്.