ദുബായ്: കുവൈറ്റില്‍ നിന്ന് നാട്ടിലേക്കുള്ള ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ നിബന്ധനകളോടെ വന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അറിയിപ്പ് പ്രകാരം 10 കിലോ അധിക ബാഗേജിന് ഒരു ദീനാറും 15 കിലോ അധിക ബാഗേജിന് 10 ദീനാറുമാണ് ഈടാക്കുക. എന്നാല്‍ ഡിസംബര്‍ 11 വരെയുള്ള കാലയളവില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കുവൈറ്റില്‍ നിന്നുള്ള യാത്രക്ക് മാത്രമാണ് നിലവില്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമായി കൊണ്ടുപോകാം. തിരിച്ച് 20 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമായി കൊണ്ടുവരാനുമുള്ള സൗകര്യമുണ്ട്.
ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോയ്ക്ക് മൂന്ന് ദീനാര്‍, 10 കിലോക്ക് ആറു ദീനാര്‍, 15 കിലോക്ക് 12 ദീനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചത്. എന്നാലിപ്പോള്‍ ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവു വരുത്തിയതെന്നാണ് സൂചന. അതേസമയം ഓഫ് സീസണില്‍ കഴിഞ്ഞ വര്‍ഷം സൗജന്യ ബാഗേജ് 30 കിലോ എന്നത് 40 കിലോ വരെയാണ് അനുവദിച്ചത്. കൂടാതെ ജൂണില്‍ തിരക്കേറിയ സമയത്ത് 10 കിലോ അധിക ബാഗേജിന് 40 ദീനാര്‍ വരെ ഉയര്‍ത്തിയിരുന്നു. അതിനു മുമ്പ് 10 കിലോക്ക് 14 ദീനാര്‍ വരെ ആയിരുന്നു നിരക്ക്. ഇതാണ് ഇപ്പോള്‍ കുത്തനെ കുറച്ചത്.