മരുന്നുകളുടെ വിശദാംശങ്ങള്‍ അറിയാം; 24 മണിക്കൂര്‍ വാട്‌സ്ആപ്പ് സേവനം

Share

ദുബായ്: യുഎഇ-യില്‍ മരുന്നുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് സേവനം ആരംഭിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രജിസ്‌ട്രേഷനുള്ള ഏതെങ്കിലും മരുന്നിന്റെ വിലയോ ആ മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട സംശയങ്ങളോ വിശദാംശങ്ങളോ ലോകത്ത് ഏതൊരു കോണിലിരുന്നും അറിയാന്‍ കഴിയുന്ന 24/7 വാട്‌സ്ആപ്പ് സേവനത്തിനാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്.

ഈ സേവനം നമ്മുടെ മൊബൈലുകളില്‍ ലഭിക്കണമെങ്കില്‍ 00971-42301221 എന്ന നമ്പറിലേക്ക് ‘Hi’ എന്ന സന്ദേശം അയയ്ക്കണം. ഈ സന്ദേശം അയച്ചുകഴിയുമ്പോള്‍ തന്നെ 24/7 സമയം ഉപയോഗിക്കാന്‍ കഴിയുന്ന വാട്‌സ്ആപ്പ് സേവനത്തിലേക്ക് നമുക്ക് സബ്സ്‌ക്രൈബ് ചെയ്യാന്‍ കഴിയും. തുടര്‍ന്ന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മരുന്നുകളുടെയും മറ്റ് മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും സമഗ്രവും കൃത്യവുമായ പട്ടിക മന്ത്രാലയം ലഭ്യമാക്കും. ഈ സേവനം ഉപയോഗിച്ച് യുഎഇ-യില്‍ രജിസ്റ്റര്‍ ചെയ്ത മരുന്നിന്റെ വിശദാംശങ്ങളെ കുറിച്ച് അന്വേഷിക്കാനും കൂടാതെ മരുന്നിന്റെ പേര്, ചേരുവകള്‍, നിര്‍മാണം, വിതരണം, വില, ഉപയോഗ തീയതി അങ്ങനെ മരുന്നുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ ലഭിക്കും.

ഈ സേവനം പ്രചാരത്തിലാകുന്നതോടെ ജനങ്ങള്‍ക്ക് ചികിത്സയെ കുറിച്ചുള്ള അവബോധം, മരുന്നിന്റെ ഉപയോഗത്തില്‍ സംഭവിക്കുന്ന പാളിച്ചകള്‍ എന്നിവ പരമാവധി ഒഴിവാക്കാന്‍ കഴിയും. മാത്രമല്ല പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള ഈ സേവനത്തിലൂടെ ജനങ്ങളെ ആരോഗ്യകരമായി ശാക്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ആഗോള ടെക് മേളയായ ദുബായ് ‘ജൈടെക്‌സ്’ എക്‌സിബിഷനിലാണ് യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഈ സേവനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മാസം 16-ന് ആരംഭിച്ച ‘ജൈടെക്‌സ്’ (GITEX) മേള 20-ാം തീയതി വെള്ളിയാഴ്ച അവസാനിക്കും.