നിയമസഭാ തെരഞ്ഞെടുപ്പ്; പാര്‍ട്ടികളുടെ വാഗ്ദാന പെരുമഴ

Share

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങളെ ആകര്‍ഷിക്കാനുള്ള പ്രകടന പത്രികയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളാണ് കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ബിആര്‍എസ് പ്രകടനപത്രികിലൂടെ അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ മാധ്യപ്രദേശില്‍ കോണ്‍ഗ്രസും പ്രകടന പത്രികയുമായി രംഗത്തു വന്നു. വിവാഹ വേളയില്‍ അര്‍ഹതപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പത്ത് ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുമെന്നാണ് കോണ്‍ഗ്രസ് ഇറക്കിയ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത്. മഹാലക്ഷ്മി ഗാരന്റി എന്നാണ് ാേണ്‍ഗ്രസ് ഈ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.

കൂടാതെ സ്ത്രീകള്‍ക്ക് 2,500 രൂപ വീതം പ്രതിമാസം നല്‍കുമെന്നും 500 രൂപയ്ക്ക് പാചകവാതക സിലിണ്ടര്‍ നല്‍കുമെന്നുമാണ് മറ്റ് പ്രധാന വാദ്ഗാനങ്ങള്‍. ഇതിനു പുറമേ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയ്ക്കുള്ള സൗകര്യമൊരുക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയുന്നു. അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ ഇത് സംബന്ധിച്ച് ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി ചര്‍ച്ച നടത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക സമിതി ചെയര്‍മാന്‍ ഡി.ശ്രീധര്‍ബാബു അറിയിച്ചു. മധ്യപ്രദേശില്‍ നവംബര്‍ 17-നാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

അതേസമയം 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും 400 രൂപയ്ക്ക് പാചകവാതക സിലിണ്ടറും നല്‍കുമെന്നായിരുന്നു ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു ഇറക്കിയ പ്രകടനപത്രികയി്ല്‍ ഉണ്ടായിരുന്ന മുഖ്യ വാഗ്ദാനം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവരടക്കമുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമെന്നും ബിആര്‍എസിന്റെ പ്രകടന പത്രികയിലുണ്ട്. തെലങ്കാനയില്‍ നവംബര്‍ 3-നായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.